തൃശൂർ: ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ കടലാമകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നൽകിയതിന് പിന്നാലെ, തൃശൂർ ജില്ലയിലെ പുന്നയൂർ തീരത്ത് വിരിഞ്ഞിറങ്ങിയ ആദ്യ ബാച്ച് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടയച്ചു. ആകെ 103 കുഞ്ഞുങ്ങളെയാണ് വോളണ്ടിയർമാരുടെ സഹായത്തോടെ കടലിലേക്ക് ഇറക്കിയത്.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കടലാമ സംരക്ഷണത്തിനായി വലിയ തുക വകയിരുത്തുകയും കേരളത്തിലെ കടലാമകളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയമായി ചില ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും സംരക്ഷണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്.
ചാവക്കാട് മുനക്കടവ് മുതൽ അണ്ടത്തോട് വരെയുള്ള തീരപ്രദേശങ്ങളിലാണ് കടലാമകൾ മുട്ടയിടാൻ വൻതോതിൽ എത്തുന്നത്. തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയും ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷന്റെയും നേതൃത്വത്തിൽ വളണ്ടിയർമാർക്ക് പ്രത്യേക പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ഈ വർഷം ഏഴ് ബീച്ചുകളിലായി (മുനക്കടവ്, ബ്ലാങ്ങാട്, പുന്നയൂർ പഞ്ചായത്തിലെ പഞ്ചവടി, അകലാട്, രാജ ബീച്ച്, പാപ്പാലി, അണ്ടത്തോട്) ആറ് ഹാച്ചറികൾ ഒരുക്കിയിട്ടുണ്ട്. 100 ഓളം കൂടുകളിലായി പതിനായിരത്തിലധികം മുട്ടകളാണ് ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത്.
അകലാട് കാട്ടിലപ്പള്ളി ബീച്ചിൽ നടന്ന ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. വർഷങ്ങളായി തദ്ദേശവാസികൾ നടത്തിവരുന്ന ഈ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കൂടുതൽ ഊർജ്ജം പകരുമെന്ന് പരിസ്ഥിതി പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.